കണ്ടെടുക്കല്‍
പാതി തുറന്നു വെച്ച ജനല്‍പാളികള്‍
സ്വര്‍ണ്ണകിരണങ്ങള്‍ തെറിപ്പിച്ചുവരുന്നപോക്കുവെയിലിനെ പിടിച്ചുവെച്ചത്
തിളങ്ങുന്ന നിന്‍ കണ്ണുകളും
പൂത്തുനിറഞ്ഞ പുഞ്ചിരിയും
എന്നെ കാണിക്കാനായിരുന്നു.
അന്നാണ് ആദ്യമായ് പ്രണയം
നേര്‍ക്കുനേര്‍ വന്നു എന്നെ കണ്ടുമുട്ടിയത്,
ഹൃദയത്തിന്‍റെ മണ്‍ചുവരില്‍ നിന്‍മുഖം വരച്ചു വെച്ചത്.
എനിക്ക് നേരെ നീ നീട്ടിയ ഇളനീര്‍ മധുരത്തോടൊപ്പം
നിന്‍ രൂപവും സത്തയും ചേര്‍ന്നാണ് ചങ്കിലൂടെയിറങ്ങിയത്
രക്തത്തില്‍ അലിഞ്ഞത്, സിരയിലൂടോഴുകിയത്.
വൈകാതെ പുലര്‍ന്ന പുതുവത്സരദിനത്തിലെ
ഉച്ചവെയില്‍ പന്തലില്‍ നിന്‍ പിതാവ്
കൈപിടിച്ചേല്‍പ്പിച്ചപ്പോള്‍ പ്രണയിനീ
നീയെന്‍ പ്രാണനായിത്തീരുകയായിരുന്നു.
പിന്നീടെന്നും പൌര്‍ണമിയിലെ പരന്നു വീണ
നിലാവിളിച്ചമായ്, ദീപ്ത സ്നേഹത്തിന്‍റെ ആവരണമായ്
നന്മയുടെ നക്ഷത്രങ്ങള്‍ നിറഞ്ഞ മനസ്സുമായ്
എന്‍റെ ശാന്തിയായ്, ഭാഗ്യമായ്,
ശ്വാസം തന്നെയായിതീരുകയായിരുന്നു നീ...
അഷ്കര്‍ നടക്കല്‍